ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമോ? ‘കാത്തിരുന്ന് കാണൂ’ എന്ന് തേജസ്വി; മുന്നണി യോഗങ്ങള്‍ക്കായി ഒരേ വിമാനത്തില്‍ നിതീഷും തേജസ്വി യാദവും

Jaihind Webdesk
Wednesday, June 5, 2024

 

പറ്റ്ന/ബിഹാർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതിനിടെ മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാനായി ഒരേ വിമാനത്തില്‍ യാത്ര ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും. എന്‍ഡിഎ, ഇന്ത്യാ മുന്നണി യോഗങ്ങള്‍ക്കായാണ് ഇരുനേതാക്കളും പുറപ്പെട്ടത്.

“ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷമയാണ് ആവശ്യം. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണുക” – ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഡല്‍ഹിയില്‍ വിമാനമിറങ്ങിയ തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ നിതീഷ് കുമാറിന്‍റെ ജെഡിയു എന്‍ഡിഎ സഖ്യത്തിനൊപ്പമാണ്. കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്ത ബിജെപി, മറ്റുള്ളവരുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകളിലാണ്. ഇന്ത്യാ സഖ്യവും സർക്കാർ രൂപീകരണത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. ഇതിനിടെയാണ് നിതീഷ് കുമാറുമായി സംസാരിച്ചതിന് ശേഷം തേജസ്വിയുടെ പ്രതികരണം.