നിതീഷ് കുമാർ ജനതാദള്‍ യു അധ്യക്ഷന്‍; തീരുമാനം ഐകകണ്ഠ്യേന

Friday, December 29, 2023

 

ന്യൂഡല്‍ഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജനതാദൾ (യു)അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇന്നു ചേർന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ നിലവിലെ അധ്യക്ഷന്‍ ലാലൻ സിംഗ് രാജിവെച്ച് അദ്ദേഹത്തിന്‍റെ പേര് നിർദ്ദേശിച്ചതായി കെ.സി. ത്യാഗി പറഞ്ഞു. ഏകകണ്ഠമായാണ് നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത്.

ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പിന്നീട് ചേരുന്ന പാർട്ടി ദേശീയ കൗൺസിൽ യോഗം എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയേക്കും. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിലൂടെ ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയ ഭൂമിയിലെ വോട്ടുകൾ ‘ഇന്ത്യ’ സഖ്യത്തിന് നേടാനാകും എന്നാണ് പ്രതീക്ഷ.