കേന്ദ്രമന്ത്രി ആഭ്യന്തര സഹമന്ത്രിയുടെ അനന്തരവന്‍മാര്‍ തമ്മില്‍ വെടിവച്ചു, ഒരാള്‍ മരിച്ചു

Jaihind News Bureau
Thursday, March 20, 2025

ബിഹാറിലെ നവഗച്ചിയയില്‍ കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ രണ്ട് അനന്തരവന്‍മാര്‍ തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മന്ത്രിയുടെ അനന്തരവനായ വിശ്വജിത്ത് വെടിയേറ്റ് മരിച്ചു. ഇയാളുടെ സഹോദരനായ ജയ്ജീത്തിനും അമ്മ ഹിനദേവിക്കും പരിക്കേറ്റു. പരസ്പരമുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ഇരു സഹോദരന്മാര്‍ തമ്മിലുള്ള വെടിവയ്പ്പിലെത്തിയത്. വെള്ളത്തെച്ചൊല്ലിയാണ് വഴക്കുണ്ടായതെന്ന് നവഗച്ചിയ പോലീസ് പറഞ്ഞു. പരുക്കേറ്റ രണ്ടു പേരെ ഭഗല്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വിശ്വജിത്തും ജയജിത്തും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവന്മാരാണ്. അവരുടെ അമ്മ ഹിന ദേവിയുടെ കൈയിലാണ് വെടിയേറ്റത്.

മരിച്ച വിശ്വജീത് യാദവും അനുജന്‍ ജയ്ജീത് യാദവും നവഗച്ചിയയിലെ ജഗത്പൂര്‍ ഗ്രാമത്തില്‍ ഒരേ വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും കൃഷിയിലൂടെയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. പൈപ്പ് വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് കയ്യേറ്റത്തിലെത്തിയെന്നും പറയുന്നു. വിശ്വജീത്തിന് നേരെ ജയ്ജീത് വെടിയുതിര്‍ത്തു. പരിക്കേറ്റ വിശ്വജീത്ത് തോക്ക തട്ടിപ്പറിച്ച് തിരിച്ചു വെടിവയ്ക്കുകയായിരുന്നു . ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് വിശ്വജീത് മരിച്ചു, ജയ്ജീത്തിന് ഗുരുതരമായി പരിക്കേറ്റു.

ഹിന ദേവിയും ജയ്ജീത്തും ബിജെപി എംഎല്‍സി ഡോ. എന്‍.കെ. യാദവിന്റെ ആശുപത്രിയിലാണ് ചികിത്സ തേടിയിയിരിക്കുന്നത് . വിശ്വജീത്തിന്റെ മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭഗല്‍പൂര്‍ പോലീസ് സൂപ്രണ്ട് പ്രേരണ കുമാരി സ്ഥലത്തെത്തി. ‘മക്കള്‍ തമ്മിലുള്ള കലഹത്തില്‍ ഇടപെട്ടതാണ് അമ്മയ്ക്ക് വെടിയേല്‍ക്കാനുള്ള കാരണം. അവരുടെ കൈയിലാണ് വെടിയേറ്റത്. മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം നടന്നുവരികയാണ് ‘ സൂപ്രണ്ട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു ഷെല്ലും ഒരു വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. .