നിതിന്‍ പോയതറിഞ്ഞില്ല; പെണ്‍മണിക്ക് ജന്മം നല്‍കി ആതിര

Jaihind News Bureau
Tuesday, June 9, 2020

ദുബായ്: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ച നിതിന് പെൺകുഞ്ഞ് പിറന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ഭാര്യ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രവാസികളായ ഗർഭിണികളുടെ മടക്കയാത്രയ്ക്ക് പോരാടിയ നിതിന്‍ ജൂണ്‍ എട്ടിനാണ് ദുബായില്‍ മരിച്ചത്.

തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ നിതിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍ കേന്ദ്ര  സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിംഗ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന് നിതിന്‍റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു.

യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിംഗിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെ യൂത്ത് വിംഗിന്‍റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ആതിരയുടെ പ്രസവസമയം ആകുമ്പോഴേക്കും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിതിന്‍. ഇതിനിടെയാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ ഒരുനോക്ക് കാണാനാകാതെയാണ് നിതിന്‍ യാത്രയായത്. വിദേശത്തും നാട്ടിലും ഒരുപോലെ സാമൂഹികസേവന രംഗത്ത് സജീവമായിരുന്ന നിതിന്‍റെ വിയോഗം ജന്മനാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

teevandi enkile ennodu para