കനത്ത പിഴ ചുമത്തിയുള്ള മോട്ടോർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒറ്റപ്പെടുന്നു. നിയമഭേദഗതിക്ക് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നിയമം തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഗഡ്കരി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമം തിടുക്കപ്പെട്ട് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബംഗാളില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു. പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉയർന്ന പിഴയെ ചോദ്യം ചെയ്ത് രംഗത്തെത്തിയതാണ് ഗഡ്കരിക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്. ഗുജറാത്തിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡും കർണാടകയും, എൻ.ഡി.എ ഭരിക്കുന്ന ബിഹാറും പിഴ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തില്‍ ഗഡ്കരിക്ക് അതൃപ്തിയുണ്ട്.
താങ്ങാനാവാത്ത പിഴയ്ക്കെതിരെ വലിയ ജനരോഷമാണ് നിലനില്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാനങ്ങള്‍. അതേസമയം ഉയർന്ന പിഴ പിൻവലിക്കില്ലെന്ന് നിതിൻ ഗഡ്‍കരി ആവർത്തിച്ചു. നിയമത്തെ അനുകൂലിച്ച് ഗഡ്കരി നിരവധി ദേശീയ മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും നൽകി. കടുത്ത നിലപാട് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് മറ്റ് നേതാക്കള്‍. ഇതോടെ വിഷയം ബി.ജെ.പിക്കുള്ളില്‍ ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുകയാണ്.