വെര്‍ച്വല്‍ ഷോറൂമും ഓണ്‍ലൈന്‍ പര്‍ചേസ് സേവനങ്ങളും അവതരിപ്പിച്ച് നിസ്സാന്‍

Jaihind News Bureau
Sunday, May 24, 2020

കാര്‍ വാങ്ങുന്നതിനും ബുക്കിംഗിനും പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കി നിസ്സാന്‍ ഇന്ത്യ. ഒരു ഷോറൂം അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്ന വെര്‍ച്വല്‍ ഷോറൂം സംവിധാനമാണ് നിസ്സാന്‍ അവതരിപ്പിച്ചത്. പുതിയ നിസ്സാന്‍ കിക്ക്സ് 2020ന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗും മറ്റും വെര്‍ച്വല്‍ ഷോറൂം വഴിയും നടത്താം. ഡാറ്റ്സന്‍ പോര്‍ട്ട്‌ഫോളിയോയിലെ എല്ലാ വാഹനങ്ങളുടേയും ബുക്കിങും പര്‍ചേസും ഇനി ഓണ്‍ലൈന്‍ വഴി നടത്താനാകും. വാഹന ഫിനാന്‍സിനായി ബുക്ക് ചെയ്യാനും അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും.

‘ഡിജിറ്റലായി പ്രവര്‍ത്തനക്ഷമമാക്കിയ വെര്‍ച്വല്‍ ഷോറൂം വഴി ഒരു യഥാര്‍ത്ഥ ഷോറൂം അനുഭവം ഉപഭോക്താക്കളുടെ സ്ഥലത്തേക്ക് എത്തിക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടുള്ള പ്രതിബദ്ധത ഇതിലൂടെ ശക്തിപ്പെടുത്തുകയാണ്. ശാരീരിക സമ്പര്‍ക്കമില്ലാതെ പൂര്‍ണ്ണ ആത്മവിശ്വാസത്തോടും സൗകര്യത്തോടുംകൂടി ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനും ഒരു മികച്ച അനുഭവം ലഭിക്കുന്നതിനും ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.’ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ഒരു സംവേദനാത്മക ഓണ്‍ലൈന്‍ അനുഭവമാണ് നിസ്സാന്‍ വെര്‍ച്വല്‍ ഷോറൂം എല്ലാ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്. ആകര്‍ഷകവും നൂതനവുമായ രീതിയില്‍ പുതിയ നിസ്സാന്‍ കിക്ക്സിന്റെ മുന്‍നിര സവിശേഷതകള്‍ മനസ്സിലാക്കാന്‍ ഇത് അവരെ പ്രാപ്തരാക്കുന്നു. ഒരു യഥാര്‍ത്ഥ ഡീലര്‍ഷിപ്പ് സന്ദര്‍ശനത്തിന് സമാനമായ അനുഭവമാണ് വെര്‍ച്വല്‍ ഷോറൂമിലൂടെ സൃഷ്ടിക്കുന്നത്. പ്രത്യേക ആപ്ലിക്കേഷനുകളൊന്നും കൂടാതെ തന്നെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ ബ്രൗസറുകള്‍ വഴി എളുപ്പത്തില്‍ വെര്‍ച്വല്‍ ഷോറും ആക്സസ് ചെയ്യാം. ഉപഭോക്താക്കളുടെ സമയത്തിന് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും കാര്‍ ബുക്ക് ചെയ്യാനും സ്വന്തമാക്കാനും നിസ്സാന്‍ വെര്‍ച്വല്‍ ഷോറൂമിലൂടെ സാധിക്കും. ഡാറ്റ്സണ്‍ പോര്‍ട്ട്‌ഫോളിയോയിലുടനീളമുള്ള ഏത് കാറുകള്‍ ബുക്ക് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും. എല്ലാ ഡിജിറ്റല്‍ പേയ്‌മെന്‍റ് ഓപ്ഷനുകളും സ്വീകരിക്കുന്നതാണ്.

നിസ്സാന്‍, ഡാറ്റ്സണ്‍ വെബ്‌സൈറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബുക്കിംഗ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യാനും അവര്‍ക്ക് ഇഷ്ടമുള്ള കാര്‍ തിരഞ്ഞെടുക്കാനും സാധിക്കും. നിസ്സാന്‍ ഫിനാന്‍സ് വഴി ഫിനാന്‍സ് ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് സുരക്ഷിത പേയ്‌മെന്‍റ് ഗേറ്റ്‌വേ വഴി പേയ്‌മെന്‍റുകളും നടത്താം.