ഭരണാധികാരികള്‍ മാധ്യമങ്ങളോട് എന്ത് സമീപനം സ്വീകരിക്കുന്നുവോ ആ സമീപനം അണികളുടെ പ്രവൃത്തികളിലും പ്രകടമാകുമെന്ന് മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമന്. ഏകാധിപതികളുടെ അനുഭവങ്ങള്‍ എല്ലാം അങ്ങനെതന്നെയായിരിക്കുമെന്നും കാലങ്ങളായി തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് നിഷ പുരുഷോത്തമന് പറഞ്ഞു. സിപിഎം ‘സൈബര്‍ പോരാളികള്‍’ തനിക്കെതിരെ കാലങ്ങളായി അധിക്ഷേപം നടത്തിവരികയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നിഷ അറിയിച്ചു.
ഇപ്പോള്‍ ചെയ്യുന്ന ജോലിയുമായി സധൈര്യം മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിക്കൊണ്ട് സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ഒരോ പാര്‍ട്ടിയും ആത്മപരിശോധന നടത്തണമെന്നും നിഷ സൂചിപ്പിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് ഉള്‍പ്പെടെയുള്ള ആളുകള്‍ സൈബര്‍ അതിക്രമത്തെ പിന്തുണച്ചതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറായതെന്നും നിഷ വ്യക്തമാക്കി.
“യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് നിലപാടുകളേയും ഇതേ അളവില്‍ത്തന്നെ വിമര്‍ശിച്ചിരുന്നു. സിപിഎം, കോണ്‍ഗ്രസ്, ബിജെപി മുതലായ എല്ലാ പാര്‍ട്ടികളെയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എല്ലാകാലത്തും എല്ലാ പാര്‍ട്ടികളോടും ചോദിക്കാറുമുണ്ട്. പിന്നെ സിപിഎം എന്തുകൊണ്ട് എന്നെ ലക്ഷ്യംവെച്ച് കാലങ്ങളായി ഹേറ്റ് ക്യാംപെയ്ന് നടത്തിവരുന്നു എന്ന് മനസിലാകുന്നില്ല. ഇവിടുത്തെ ഏതൊരു പൗരനും, ഏതൊരു സ്ത്രീയ്ക്കും ലഭിക്കുന്ന നിയമപരിരക്ഷ എനിക്കും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നിയമപരമായി നേരിടുക എന്നതിനപ്പുറം ഒന്നുതന്നെ പറയാനില്ല. ഈ നടത്തുന്ന സൈബര്‍ അതിക്രമത്തെക്കുറിച്ച് ഇവര്‍ ആത്മപരിശോധന നടത്തിനോക്കട്ടെ എന്നേ പറയാനുള്ളൂ. ഞാന്‍ എന്റെ ജോലികളുമായി മുന്നോട്ട് പോകും”. നിഷ പുരുഷോത്തമന് പറഞ്ഞു.
ദേശാഭിമാനി പത്രത്തിലെ ഒരു ജീവനക്കാരനും സൈബര്‍ അതിക്രമത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ടെന്നും നാക്കുപിഴയേത്, വ്യാജവാര്‍ത്തയേത് എന്ന് കൃത്യമായി മനസിലാക്കുന്നവര്‍ പോലും ഇത് ചെയ്യുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും നിഷ കൂട്ടിച്ചേര്‍ത്തു.