തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമായ നിറപുത്തരി ആഘോഷം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള ഈ ചടങ്ങിന് കേരളത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളെപ്പോലെ കരിക്കകം ക്ഷേത്രത്തിലും വലിയ പ്രാധാന്യമുണ്ട്.
നെല്‍ക്കതിരുകള്‍ മനോഹരമായി കോര്‍ത്ത്, പട്ടുതുണികളില്‍ പൊതിഞ്ഞ് തലച്ചുമടായി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു നടയില്‍ സമര്‍പ്പിക്കുന്നു. ക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഈ നെല്‍ക്കതിരുകള്‍ ദേവിക്ക് സമര്‍പ്പിച്ച ശേഷം പ്രധാന ശ്രീകോവിലില്‍ നടയുടെ വശത്തായി തൂക്കിയിടുന്നു. തുടര്‍ന്ന് രക്ത ചാമുണ്ഡി, ബാലചാമുണ്ഡി ദേവി നാടകളിലും മറ്റു ഉപദേവതകളുടെ നാടകളിലും തൂക്കിയ ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. അടുത്ത ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഭക്തര്‍ ഇത് വീടുകളിലേക്ക് കൊണ്ടുപോയി സൂക്ഷിക്കും.
കരിക്കകം ക്ഷേത്രത്തില്‍ ഒരു കാലത്ത് നെല്‍പ്പാടങ്ങള്‍ സമൃദ്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് നെല്ല് എത്തിച്ചാണ് ഉത്സവത്തിനുള്ള കതിര്‍ക്കുലകള്‍ ഉണ്ടാക്കുന്നത്. ക്ഷേത്രത്തിലെ ജീവനക്കാര്‍ വളരെ ശ്രദ്ധയോടെയാണ് ഇവ തയ്യാറാക്കുന്നത്.
ക്ഷേത്രത്തിലെ ദേവിയെ മന്ത്രമൂര്‍ത്തിയും കാരണവരും ചേര്‍ന്ന് പച്ചപ്പന്തലില്‍ കുടിയിരുത്തി എന്നാണ് വിശ്വാസം. മഹാചാമുണ്ഡി, രക്തചാമുണ്ഡി, ബാലചാമുണ്ഡി എന്നിങ്ങനെ മൂന്ന് ഭാവങ്ങളിലാണ് ദേവിയെ ഇവിടെ ആരാധിക്കുന്നത്.
രക്തചാമുണ്ഡി, ബാലചാമുണ്ഡി എന്നീ ദേവിമാരുടെ നടകള്‍ പൂജയ്ക്കും നിവേദ്യത്തിനും മാത്രമാണ് സാധാരണയായി തുറക്കാറ്. ഭക്തര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കായി ഈ നടകള്‍ തുറക്കണമെങ്കില്‍ ചെറിയൊരു തുക പിഴയായി അടയ്ക്കണം. ഇത് ഇവിടത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.
നിറപുത്തരി ആഘോഷം കേരളത്തിന്റെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. സ്വന്തം പാടങ്ങളില്‍ വിളയുന്ന നെല്‍ക്കതിരുകള്‍ ആദ്യം ഈശ്വരന് സമര്‍പ്പിക്കുന്ന ഈ ആചാരം കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായിരുന്നു. പുന്നെല്ലിന്റെ ഗന്ധവും കൊയ്ത്തിന്റെയും മെതിയുടെയും ഓര്‍മ്മകളും നിറപുത്തരിയിലൂടെ പുനരുജ്ജീവിക്കപ്പെടുന്നു.
എന്നാല്‍, നെല്‍കൃഷി കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍, നിറപുത്തരി ആഘോഷത്തിനായി നെല്‍ക്കതിരുകള്‍ക്കായി ഇതര സംസ്ഥാനങ്ങളെയും നെല്ല് ഗവേഷണ കേന്ദ്രങ്ങളെയും ആശ്രയിക്കേണ്ടി വരുന്നത് കാര്‍ഷിക മേഖലയിലെ വലിയ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നമ്മുടെ കാര്‍ഷിക പൈതൃകവും ആചാരങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുമെന്ന ചോദ്യം പ്രസക്തമാകുകയാണ്.