നിപ : മരിച്ച കുട്ടിയുമായി അടുത്തിടപഴകിയവർക്ക് രോഗമില്ല ; 8 സാമ്പിളുകളും നെഗറ്റീവ് , ആശ്വാസം

Jaihind Webdesk
Tuesday, September 7, 2021

കോഴിക്കോട് : നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ടുപേര്‍ക്കും രോഗമില്ല. പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ്  എട്ടുപേര്‍. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

മുഹമ്മദ് ഹാഷിമിന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന സാധ്യതയുള്ള 54 പേരാണുള്ളത്.