നിപ; ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

Jaihind Webdesk
Sunday, July 21, 2024

 

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്‍റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു.

68കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സംസ്കാരം പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.