മലപ്പുറം: ആശങ്കയുടെ നിപ വൈറസ് സംസ്ഥാനത്ത് അഞ്ചാം തവണയും എത്തുമ്പോൾ ഇതുവരെ 23 പേരുടെ ജീവനാണ് എടുത്തത്. പഴംതീനി വവ്വാലുകളാണ് നിപ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.
2018 മേയിലാണ് സംസ്ഥാനത്ത് ആശങ്കയുയർത്തി ആദ്യ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് അസുഖം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച 19 പേര്‍ മരിച്ച സംഭവത്തിൽ സംസ്ഥാനം ഞെട്ടിവിറച്ചു. അതേസമയം 2019 ജൂണിൽ കൊച്ചിയിൽ യുവാവിന് നിപ സ്ഥിരീകരിച്ചെങ്കിലും അതിജീവിക്കാനായി. പിന്നീട് 2021ൽ കോഴിക്കോട് ചാത്തമംഗലത്ത് 13കാരൻ രോഗം സ്ഥിരീകരിച്ച് മരിച്ചു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിൽ ഉൾപ്പെടെ രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായവർക്കു ലക്ഷണങ്ങൾ പോലും റിപ്പോർട്ട് ചെയ്തില്ല. 2023ൽ കോഴിക്കോട് മരുതോങ്കരയിൽ വീണ്ടും വൈറസ് എത്തി. രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചതോടെ അഞ്ചാം തവണയും ആശങ്കയുടെ വൈറസ് ഭീതിപടർത്തുന്നു. 14 കാരനായ രോഗി മരിച്ചതോടെ മരണം 23 ആയി. പഴംതീനി വവ്വാലുകളാണ് നിപ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. മലപ്പുറത്തും ഇതേ നടപടികൾ വേണ്ടിവരും. കേന്ദ്രസംഘം മലപ്പുറത്ത് എത്തുമെന്ന് സൂചനയുണ്ട്. കോഴിക്കോട്ട് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ മലപ്പുറത്തും എത്തിയിട്ടുണ്ട്.