നിപ സ്ഥിരീകരിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്ക് രണ്ടാമത്തെ ഡോസ് മോണോ ക്രോണല്‍ ആന്റി ബോഡി നല്കി. അണുബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിപ സംബന്ധിച്ച് വ്യാജ പ്രചാരണമോ പ്രസ്താവനകളോ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.
അതേ സമയം സംസ്ഥാനത്താകെ 461 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരുമാണുള്ളത്. 27 പേര് ഹൈറിസ്ക് പട്ടികയിലാണുള്ളത്. ഹൈറിസ്ക് പട്ടികയിലുള്ളവരെല്ലാം ക്വാറന്റീനിലാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. രണ്ട് രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗസാധ്യതയുണ്ടാകാനുള്ള ഈ കാലയളവ് വളരെ വളരെ പ്രാധാന്യമുള്ളതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.