നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവര്‍ രോഗ ലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയില്‍ ചികിത്സ തേടിയത്.
നേരത്തെ മണ്ണാര്‍ക്കാട് വിവിധ സ്വകാര്യ ആശുപതികളില്‍ 38കാരിയായ യുവതി പനിക്കും മറ്റും ചികിത്സ തേട്ടിയിരുന്നു. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെളറിയാഴ്ച നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളില്‍ ജാഗ്രത നിലനില്‍ക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരുണ്ട്. കൂടുതല്‍ പേര്‍ മലപ്പുറത്താണ്. 228 പേര്‍. പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ ഇന്നലെ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.