മരിച്ച കുട്ടിയുടെ അമ്മയ്ക്കും രോഗലക്ഷണം; സമ്പര്‍ക്കപ്പട്ടിക വിപുലമാകാന്‍ സാധ്യത, റൂട്ട് മാപ്പ് തയാറാക്കി

കോഴിക്കോട് : ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയ്ക്ക് ചെറിയ പനിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്‌ക്ക് വിഭാഗത്തിലുള്ള ഇവർ സര്‍വൈലന്‍സ് സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.  കുട്ടിയുടെ മാതാവ് ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധപ്പെടുത്തി. നിലവില്‍ കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 188 പേരാണുള്ളത്. 100 പേര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും 36 പേര്‍ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍കത്തകരുമാണ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ് നിലവില്‍ ലക്ഷണങ്ങളുള്ളത്. ഇവര്‍ രണ്ട് പേരടക്കം സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികിത്സക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സജ്ജീകരണത്തിലേക്ക് മാറ്റി.

അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രൈമറി കോണ്‍ടാക്റ്റാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്‍ഡറി കോണ്‍ടാക്റ്റ് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. ഹൈ റിസ്‌ക്ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിരോധം, ചികിത്സ എന്നിവയ്ക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

റൂട്ട് മാപ്പ് :

Comments (0)
Add Comment