നിപ ബാധിച്ച രോഗിയുടെ നില ഗുരുതരം; സമ്പര്‍ക്കപ്പട്ടികയിലുള്ള 49 പേര്‍ നിരീക്ഷണത്തില്‍

Jaihind News Bureau
Friday, May 9, 2025

 

മലപ്പുറത്ത് നിപ ബാധിച്ച  രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 49 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ രോഗ ലക്ഷണങ്ങളുള്ള ആറു പേരുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ പെരിന്തല്‍മണ്ണ ആശുപത്രിയിലുള്ള എറണാകുളം ജില്ലക്കാരിയായ സ്റ്റാഫ് നേഴ്‌സും ഐസൊലേഷനിലാണ്. ഇവരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. രോഗിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നിപ സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത വീട്ടില്‍ ചത്ത പൂച്ചയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് നിപ ആന്റിബോഡി ഉണ്ടോ എന്ന് പരിശോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമലതപ്പെടുത്തി.

നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 12 പേര്‍ രോഗിയുടെ അടുത്ത കുടുംബാംഗങ്ങളാണ്. ഇവരടക്കം 45 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മൂന്നുപേര്‍, വളാഞ്ചേരിയിലെ ഡോക്ടറുടെ ക്ലിനിക്കില്‍ ഒരാള്‍, പെരിന്തല്‍മണ്ണ ആശുപത്രിയില്‍ 25 പേര്‍, രണ്ട് ലാബുകളിലായി രണ്ട് പേര്‍, എന്നിങ്ങനെ ആകെ 45 പേരാണ് ഹൈറിസ്‌ക്’ പട്ടികയിലുള്ളത്. ലോ റിസ്‌ക് വിഭാഗത്തില്‍ നാല് പേരും നിരീക്ഷണത്തിലുണ്ട്.

രോഗനിയന്ത്രണ നടപടികള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. രോഗി ഏപ്രില്‍ 25 ന് ശേഷം യാത്ര ചെയ്തയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കും. ജില്ലയില്‍ കോട്ടക്കുന്നില്‍ നടന്നു വരുന്ന സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പരിപാടി കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുമെന്ന് മന്ത്രി പറഞ്ഞു. അതേ സമയം മെയ് 12 ന് നടത്തേണ്ട മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി, മാറ്റിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചയിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.