നിപ സമ്പർക്ക പട്ടികയില്‍ 350 പേർ; ഹൈ റിസ്ക് വിഭാഗത്തില്‍ 110 പേർ; പാലക്കാട്, തിരുവനന്തപുരം ജില്ലയിലുള്ളവരും സമ്പർക്ക പട്ടികയില്‍

Jaihind Webdesk
Monday, July 22, 2024

 

മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ 350 പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതില്‍ 110 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. സമ്പർക്ക പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ നാലു പേരും പാലക്കാട് ജില്ലയിലെ രണ്ടു പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്.  തിരുവനന്തപുരത്തുള്ള നാലു പേരില്‍ രണ്ടു പേർ പ്രൈമറി കോണ്ടാക്റ്റും രണ്ടു പേർ സെക്കന്‍ഡറി കോണ്ടാക്റ്റുമാണ്. പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലുള്ള രണ്ടു പേരില്‍ ഒരാള്‍ ആരോഗ്യ പ്രവർത്തകനാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ കുട്ടി നിപ ബാധിച്ച് മരിച്ചത്. നിപ സ്ഥിരീകരിച്ച് മരണപ്പെട്ട കുട്ടിയുടെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പിൽ പറഞ്ഞ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണം.

നിപ സ്ഥിരീകരിച്ചതോടെ ഐസിഎംആര്‍-കേന്ദ്ര സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമടങ്ങുന്ന സംഘമാണിത്. നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനൈ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെവെച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.

നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്. ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്. അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്‍റിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. വിവാഹസത്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്.