മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചു. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്. 196 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്, ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും.
കഴിഞ്ഞ ദിവസം നിപ പരിശോനക്കയച്ച മുഴുവൻ സാമ്പിളുകളുടേയും ഫലം നെഗറ്റീവ് ആയത് ആശ്വാസവാർത്തയായി. ഇന്നലെ രാത്രിയോടെയാണ് മുഴുവൻ ഫലങ്ങളും പുറത്തുവന്നത്. ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ആക്കി ഇളവ് വരുത്തി കലക്ടർ ഉത്തരവിട്ടു. മഞ്ചേരി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ 15 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്.
നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്. മലപ്പുറത്ത് മരിച്ച കുട്ടി രോഗബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും.
മലപ്പുറത്ത് നിപ ബാധിച്ച് കുട്ടി മരിച്ച പ്രദേശത്തെ 7239 വീടുകളിൽ സർവേ നടത്തി. 439 പേർ പനിബാധിതരാണ്. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023-ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലം നെഗറ്റീവായതോടെ ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ആക്കി ഇളവ് വരുത്തി കളക്ടർ ഉത്തരവിട്ടു .