മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന്‍റെ സാമ്പിള്‍ പോസിറ്റീവ്

 

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന്‍റെ പരിശോധനാ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പിന്നാലെ പൂനെ വൈറോളജി ലാബിലെ ഫലവും പോസിറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലേക്ക് സാമ്പിൾ അയച്ചത്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നിരുന്നു. ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരതുരമാണ്. ജാഗ്രതാ നടപടികൾ സ്വീകരിച്ചെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ മെഡിക്കൽ കോളേജിലേയ്ക്ക്‌ മാറ്റുന്നത്. മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Comments (0)
Add Comment