കോഴിക്കോട് : നിപയില്‍ സംസ്ഥാനത്തിന് കൂടുതല്‍ ആശ്വാസം. സമ്പർക്കപ്പട്ടികയിലെ 15 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ്. ഇതുവരെ പരിശോധിച്ച 123 സാമ്പിളുകളും നെഗറ്റീവാണ്. ഹൈറിസ്ക്കിലുള്ള ആളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരും.
നേരത്തെ സമ്പര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാനാ ഫലം നെഗറ്റീവായിരുന്നു. അതിനു പിന്നാലെയാണ് 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 18 സാമ്പിളുകളുമാണ് പരിശോധിച്ചത്. ഇതിന്‍റെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാമ്പിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാമ്പിളുകളാണ് നെഗറ്റീവായത്. സാമ്പിൾ ശേഖരണം പൂര്‍ത്തായക്കി കേന്ദ്രസംഘം ഇന്ന് വൈകിട്ട് മടങ്ങും.
പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ഇന്നലെ മൂന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. നിപ പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവസാന കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള 21 ദിവസം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമ്പര്‍ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ പെടുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.