മലപ്പുറം: നിപ സ്ഥിരീകരിച്ച് മരണപ്പെട്ട കുട്ടിയുടെ അപ്ഡേറ്റ് ചെയ്ത റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പിൽ പറഞ്ഞ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണം. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിൽ നിപ അവലോകന യോഗം പുരോഗമിക്കുകയാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്.
നിപ സ്ഥിരീകരിച്ചതോടെ ഐസിഎംആര്‍-കേന്ദ്ര സംഘം കോഴിക്കോട് എത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമടങ്ങുന്ന സംഘമാണിത്. നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതിന് മൊബൈൽ ബിഎസ്എൽ-3 ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തും. ഇതോടെ പൂനൈ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധന ഇവിടെവെച്ച് തന്നെ നടത്താനും ഫലം വേഗത്തിൽ തന്നെ ലഭ്യമാക്കാനും സാധിക്കും.
നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68-കാരന്‍റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളും.
നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരൻ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും പഠിച്ച സ്കൂൾ ആനക്കയം പഞ്ചായത്തിലുമാണ്. ഈ പഞ്ചായത്തുകളിൽ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്ക്വാഡുകളും പരിശോധന തുടരുകയാണ്. അതിജാഗ്രതയുടെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലുകളോട് നാട്ടുകാർ പൂർണമായി സഹകരിക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വാഹന അനൗൺസ്മെന്‍റിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പോലീസ് പരിശോധന ഊർജിതം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരേ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു. വിവാഹസത്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്.