കോഴിക്കോട് : നിപ സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ടീമാണ് കോഴിക്കോട് എത്തിയത്. അതേസമയം നിരീക്ഷണത്തിലുള്ള രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മരിച്ച പന്ത്രണ്ട് വയസുകാരന്റെ രോഗ ഉറവിടം അവ്യക്തമാണ്. കുട്ടി റമ്പുട്ടാന് കഴിച്ചതായി കരുതുന്ന സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര സംഘം റമ്പുട്ടാന് സാമ്പിളുകളും ശേഖരിച്ചു. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിന് എല്ലാ വിധ പിന്തുണയും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്.
രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. അതേസമയം നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്ക പട്ടികയിൽ 188 പേരാണുള്ളത്. 100 പേര് മെഡിക്കല്‍ കോളേജ് ജീവനക്കാരും 36 പേര് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍കത്തകരുമാണ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ് നിലവില്‍ ലക്ഷണങ്ങളുള്ളത്. ഇവര്‍ രണ്ട് പേരടക്കം സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക്ക് കാറ്റഗറിയില്‍ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികിത്സക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സജ്ജീകരണത്തിലേക്ക് മാറ്റി.
പ്രതിരോധം, ചികിത്സ എന്നിവയ്ക്കായി 16 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.