ഒരേയൊരു ലീഡര്‍… കെ കരുണാകരന്‍ ഓർമയായിട്ട് ഇന്ന് 9 വർഷം

Jaihind News Bureau
Monday, December 23, 2019

കേരള രാഷ്ട്രയത്തിലെ ഭീക്ഷ്മാചാര്യന്‍ കെ കരുണാകരൻ ഓർമയായിട്ട് ഇന്ന് ഒമ്പത് വർഷം. വെല്ലുവിളികളെ ജനപ്രീതികളിലുടെ മറികടന്ന നേതാവായിരുന്നു കരുണാകരൻ. എതിർശബ്ദങ്ങളും വിമർശനങ്ങളും തളർത്താത്ത കരുണാകരൻ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും ആവേശമായിരുന്നു.

കണ്ണൂരിലെ ചിറയ്ക്കല്‍ ജനിച്ച കണ്ണോത്ത്‌ കരുണാകരന്‍ മാരാര്‍ എന്ന കെ കരുണാകരന്‍ ചിത്രമെഴുത്ത്‌ പഠിക്കാന്‍ തൃശൂരിലെത്തിയതായിരുന്നു. അവിടെ വച്ച്‌ സ്വാതന്ത്ര്യസമരത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. തുടർന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു രാഷ്‌ട്രീയത്തിലെ ആദ്യ തുടക്കം. പനമ്പിള്ളി ഗോവിന്ദമേനോന്‍, സി.കെ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ ശിഷ്യനായി രാഷ്‌ട്രീയ കളരിയിൽ സജീവമായി. പിന്നീട് പിറന്നത് കേരള രാഷ്ട്രീയ ചരിത്രത്തിനോട് ഒപ്പം ചേർത്തു വെക്കാവുന്ന നേതാവിനെയാണ്.

തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടുകൊണ്ട്‌ കരുണാകരന്‍ തന്‍റെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്‌ തുടക്കം കുറിച്ചു. 1948-49 ലെ കൊച്ചി നിയമസഭാംഗമായി. ഏഴ് തവണ തുടര്‍ച്ചയായി മാള മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിൽ എത്തി. മാളയുടെ മാണിക്യം എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഒരു തവണ മാത്രം മാളയ്ക്കൊപ്പം നേമത്തും മത്‌സരിച്ചു. രണ്ടിടത്തും വിജയിച്ചു. നാല് തവണ കേരള മുഖ്യമന്ത്രിയായി. കേന്ദ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. ലോക്സഭയിലും രാജ്യസഭയിലും അംഗമായി.

ഒരു കാലത്ത് തകർച്ചയിലായിരുന്ന കേരളത്തിലെ കോൺഗ്രസിനെ വൻ ശക്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു കരുണാകരൻ. കേരളത്തിന്‍റെ ഒരേ ഒരു ലീഡർ. നെഹ്റു കുടുംബത്തിലെ മൂന്ന് തലമുറയ്ക്കൊപ്പം പ്രവർത്തിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ദേശീയ നേതൃനിരയിൽ തലയുയർത്തിനിന്ന വ്യക്തിത്വം. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ. ഇച്ഛാശക്തിയും കഴിവും ദീർഘവീക്ഷണവും ഒത്തു ചേർന്ന നേതാവും ഭരണകർത്താവും കുടിയായിരുന്നു കരുണാകരൻ. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതത്തിൽ ഏറ്റവുമധികം മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.

കേരളം കണ്ട കരുത്തനായ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ അഭിമാന സ്തംഭങ്ങളായ കൊച്ചി രാജ്യാന്തര സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയവ കരുണാകരന്‍റെ സംഭാവനകളാണ്. ജനങ്ങളുടെ ഹൃദയത്തുടിപ്പ്‌ കൃത്യമായി അളക്കാൻ കഴിയുന്ന നേതാവ്. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ നിറസാന്നിധ്യം. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങളിലൂടെ രാഷ്ട്രീയ നീരിക്ഷകരെ പോലും അമ്പരിപ്പിച്ച വ്യക്തിത്വം. രാഷ്ട്രീയ എതിരാളികളുടെ പോലും ലീഡറായിരുന്നു കരുണാകരൻ. പ്രിയപ്പെട്ട ലീഡറുടെ മറക്കാത്ത ഓർമകൾക്കുമുമ്പിൽ ജയ്ഹിന്ദ് ടി.വിയുടെ പ്രണാമം…