ഡല്‍ഹിയില്‍ ഒമ്പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്

Jaihind Webdesk
Saturday, August 14, 2021

Child-Abuse

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് പുരാന നംഗലിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. ശ്മശാനത്തിലെ പൂജാരി രാധേ ശ്യാമും ജീവനക്കാരനും കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി നൽകിയതായി പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം മൃതദേഹം കത്തിച്ചതിനാല്‍ പീഡനം നടന്നു എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് ഒന്നിനാണ് ശ്മശാനത്തിന് സമീപത്തെ കൂളറില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ പെൺകുട്ടിയെ പൂജാരിയും ജീവനക്കാരനും ബലാത്സംഗം ചെയ്ത് കൊന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ സമ്മതമില്ലാതെ പൂജാരിയും സംഘവും കത്തിച്ചുകളഞ്ഞിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളുമില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പോസ്റ്റ്മോര്‍ട്ടം പോലും നടത്താതെ മൃതദേഹം ദഹിപ്പിച്ചു എന്നത് വാസ്തവമാണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ശ്മശാനത്തിലെ കൂളറില്‍ നിന്ന് തണുത്ത വെള്ളമെടുക്കാന്‍  എത്തിയ പെണ്‍കുട്ടിയെ പൂജാരിയും ശ്മശാനത്തിലെ ജീവനക്കാരനും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ കുടുംബം തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന്പൂജാരി കുട്ടിയുടെ അമ്മയെ അറിയിച്ചു. തുടർന്ന് പൊലീസിനെ വിളിക്കാനൊരുങ്ങിയ അമ്മയെ പൂജാരി തടയുകയും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ മോഷ്ടിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഒന്നിനും സമയം നല്‍കാതെ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. അമ്മയുടെ നിലവിളി കേട്ടെത്തിയവർ ചിത കത്തുന്നതാണ് കണ്ടത്. അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മൃതദേഹം കത്തിയിരുന്നു. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ മാത്രമാണ് പൂജാരിയെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.