Bridge collapses in Gujarat| ഗുജറാത്തില്‍ പാലം തകര്‍ന്ന് മഹീസാഗര്‍ നദിയിലേക്ക് വാഹനങ്ങള്‍ വീണു; ഒമ്പത് മരണം

Jaihind News Bureau
Wednesday, July 9, 2025

വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയില്‍ മഹീസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതിനെത്തുടര്‍ന്ന് കുറഞ്ഞത് ഒമ്പത് പേര്‍ മരിച്ചു. അഞ്ച് വാഹനങ്ങള്‍ നദിയിലേക്ക് പതിച്ചു. ഇതില്‍ പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ കുറച്ചു പേരെ രക്ഷപ്പെടുത്തി. അപകടസ്ഥലത്ത് നിന്നുള്ള ഒരു ചിത്രത്തില്‍ തകര്‍ന്ന പാലത്തിന്റെ മധ്യത്തില്‍ ഒരു ട്രക്ക് അപകടകരമായ നിലയില്‍ തൂങ്ങിക്കിടക്കുന്നത് കാണാം.

ഗുജറാത്ത് സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ ഋഷികേശ് പട്ടേല്‍ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അഞ്ച് വാഹനങ്ങളെങ്കിലും നദിയില്‍ വീണതായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു

1981-ല്‍ നിര്‍മ്മാണം തുടങ്ങി 1985-ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പാലമാണ് ഇപ്പോള്‍ തകര്‍ന്നത്. 2017-ല്‍ പാലത്തിന്റെ മോശം അവസ്ഥ കാരണം ഭാരവാഹനങ്ങള്‍ക്ക് പാലം അടച്ചിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പാലത്തിന്റെ 23 സ്പാനുകളില്‍ ഒന്നാണ് ഇപ്പോള്‍ തകര്‍ന്നുവീണിരിക്കുന്നത്. ‘പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യചികിത്സ ഒരുക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും വഡോദര കളക്ടറുമായി സംസാരിച്ചതിന് ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്,’ മുഖ്യമന്ത്രി പട്ടേല്‍ എക്സില്‍ കൂട്ടിച്ചേര്‍ത്തു.

പാലത്തിലെ തിരക്കു കൂടിയതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് 212 കോടി രൂപയുടെ പുതിയ പാലത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയിരുന്നു. പുതിയ പാലത്തിന്റെ രൂപകല്‍പ്പനയും ടെന്‍ഡര്‍ ജോലികളും ഇതിനകം ആരംഭിച്ചിരുന്നു. പാലത്തിന്റെ പഴക്കത്തെക്കുറിച്ചും അതിന്റെ സുരക്ഷാ പരിശോധനകളെക്കുറിച്ചും കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ‘പുതിയ പാലത്തിന് അനുമതി നല്‍കിയെന്ന് പറയുന്നത് പഴയ പാലത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്. എന്നിട്ടും എന്തുകൊണ്ട് അടിയന്തര നടപടികള്‍ ഉണ്ടായില്ല?’ എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.