Nimishapriya | എനിക്ക് അമ്മയെ കാണണം, നിമിഷ പ്രിയയുടെ മോചനത്തിനായി മകള്‍ യെമനില്‍; കണ്ണീരോടെ അഭ്യര്‍ത്ഥന

Jaihind News Bureau
Monday, July 28, 2025

സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി അധികൃതരോട് ദയ അഭ്യര്‍ത്ഥിക്കാന്‍ മകള്‍ മിഷേല്‍ യെമനിലെത്തി. പത്ത് വര്‍ഷത്തിലേറെയായി അമ്മയെ നേരില്‍ കാണാത്ത പതിമൂന്നുകാരിയായ മിഷേല്‍, പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ ഡോ. കെ.എ. പോളിനും ഒപ്പമാണ് യെമനിലെത്തിയിരിക്കുന്നത്.

മാതൃരാജ്യത്തേക്ക് അമ്മയെ തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് മിഷേല്‍ കണ്ണീരോടെ മലയാളത്തിലും ഇംഗ്ലീഷിലുമായി അഭ്യര്‍ത്ഥിച്ചു. ‘എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. ദയവായി എന്റെ അമ്മയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണം. എനിക്ക് അമ്മയെ കാണാന്‍ അതിയായി ആഗ്രഹമുണ്ട്. മിസ് യൂ മമ്മി,’ മിഷേല്‍ പറഞ്ഞു. ‘ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കൂ, അവളെ നാട്ടിലെത്തിക്കാന്‍ സഹായിക്കൂ,’ എന്ന് ഭര്‍ത്താവ് ടോമി തോമസും അഭ്യര്‍ത്ഥിച്ചു.

ദൗത്യത്തിന് നേതൃത്വം നല്‍കുന്ന ഡോ. കെ.എ. പോള്‍ യെമന്‍ അധികൃതര്‍ക്കും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ട കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും (തലാല്‍ കുടുംബം) നന്ദി രേഖപ്പെടുത്തി. ‘നിമിഷയുടെ ഏക മകള്‍ അവളെ പത്ത് വര്‍ഷമായി കണ്ടിട്ടില്ല. മിഷേല്‍ ഇവിടെയുണ്ട്. തലാല്‍ കുടുംബത്തിന് ഞാന്‍ നന്ദി പറയുന്നു. എത്രയും പെട്ടെന്ന്, നാളെയോ മറ്റന്നാളോ നിങ്ങള്‍ നിമിഷയെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കും,’ അദ്ദേഹം പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനം യെമന് ലോകത്തിന് മുന്നില്‍ വലിയൊരു സന്ദേശം നല്‍കുമെന്നും അത് രാജ്യത്തേക്ക് നിക്ഷേപവും സമൃദ്ധിയും കൊണ്ടുവരുമെന്നും അഭിപ്രായപ്പെട്ടു. ഇതൊരു ‘തികച്ചും മാനുഷികമായ ദൗത്യമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.