നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും കെസി വേണുഗോപാല്‍ കൊല്ലത്ത് ആവശ്യപ്പെട്ടു. യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള, ഏറ്റവും നിര്‍ണായകമായ തീരുമാനം എടുക്കാന്‍ ഇനി നാല് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സാധാരണ നയതന്ത്ര മാര്‍ഗങ്ങള്‍ക്കപ്പുറമുള്ള ഇടപെടലാണ് ആവശ്യം. ഒരു ജീവന്‍ രക്ഷിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായി ഇതിനെ കണക്കാക്കി, പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. ഇത് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നിര്‍ണായക ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ മാസം 16 ന് നിമിഷ പ്രിയയുടെ വധശിക്ഷ നടത്താനാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ച തീയതിക്ക് വെറും നാല് നാള്‍ മാത്രം അവശേഷിക്കെ, യമനിലെ മധ്യസ്ഥരുമായി ഇന്നും നാളെയും ചര്‍ച്ചകള്‍ നടക്കുമെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.