NIMISHA PRIYA| നിമിഷ പ്രിയയുടെ മോചനം: ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കേന്ദ്രം; ശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീം കോടതി

Jaihind News Bureau
Monday, July 14, 2025

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നയതന്ത്ര ഇടപെടല്‍ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാറിന് ആണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണിയാണ് കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലെന്നും നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ഇടപെടാന്‍ പരിമിതികളുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ദിയാ ധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നുണ്ട്. സുപ്രീം കോടതി ജഡ്ജുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം വധശിക്ഷ നടപ്പിലായാല്‍ സങ്കടം എന്ന് കോടതി പ്രതികരിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.