നിമിഷ പ്രിയയെ കാണാന്‍ സൗകര്യം ഒരുക്കി ഇന്ത്യക്കാർ; അമ്മയുടെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും

Jaihind Webdesk
Tuesday, December 5, 2023

നിമിഷ പ്രിയയെ കാണാനായി അനുമതി തേടിയ അമ്മയുടെ ഹർജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി യുവതിയാണ് നിമിഷ പ്രിയ. യെമനിൽ സൗകര്യം ഒരുക്കാൻ ഇന്ത്യാക്കാർ തയ്യാറാണെന്ന്  കാണിച്ച് നിമിഷ പ്രിയയുടെ അമ്മ കോടതിക്ക് പട്ടിക കൈമാറിയിരുന്നു. നേരത്തെ യെമനിൽ ജോലി ചെയ്ത ഇന്ത്യക്കാരാണ് സൗകര്യം ഉറപ്പുനൽകിയിട്ടുള്ളതെന്ന് നിമിഷ പ്രിയയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ സത്യവാങ്മൂലം സമർപ്പിക്കാൻ ഡല്‍ഹി ഹെെക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാം എന്ന് കോടതി അറിയിക്കുകയായിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടി ചോദ്യം ചെയ്താണ് അമ്മ ഹർജി നൽകിയത്. കോടതിയുടെ കരുണയിലാണ് നിമിഷ പ്രിയയുടെ ജീവിതമെന്ന് അമ്മ ​ഹർജിയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. യെമനിൽ മകളെ സന്ദര്‍ശിക്കാൻ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് നിമിഷയുടെ അമ്മയ്ക്കായി കോടതിയിൽ ഇന്നലെ ഹാജരായത്.