
നിലമ്പൂര്‍: ഇന്ധന കുടിശിക പെരുകിയതിനെത്തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷയുടെ ഔദ്യോഗിക വാഹനം കട്ടപ്പുറത്തായി. മുന്‍ ഭരണസമിതിയുടെ കാലത്തെ ലക്ഷക്കണക്കിന് രൂപ കുടിശിക വന്നതോടെ പെട്രോള്‍ പമ്പ് ഉടമ ഇന്ധനം നല്‍കുന്നത് നിര്‍ത്തിയതാണ് നഗരസഭയെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ, യുഡിഎഫ് ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഔദ്യോഗിക പരിപാടികള്‍ക്കും മറ്റും യാത്ര ചെയ്യാന്‍ സ്വന്തം ചിലവില്‍ ഓട്ടോറിക്ഷയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. മുന്‍ ഭരണസമിതിയുടെ കാലത്തെ ബാധ്യതകള്‍ പൂര്‍ണ്ണമായി തീര്‍ത്തതിന് ശേഷം മാത്രമേ താന്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കൂ എന്ന ഉറച്ച നിലപാടിലാണ് ചെയര്‍പേഴ്സണ്‍.
കഴിഞ്ഞ സിപിഎം ഭരണസമിതിയുടെ കാലത്ത് ഇന്ധന കുടിശികയിനത്തില്‍ 1.89 ലക്ഷം രൂപയാണ് പെട്രോള്‍ പമ്പിന് നല്‍കാനുള്ളത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ബില്ലുകളാണ് പ്രധാനമായും അടച്ചുതീര്‍ക്കാനുള്ളത്. നിലമ്പൂര്‍ നഗരസഭ ഇത്തവണ വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെയാണ് പഴയ ഭരണസമിതിയുടെ സാമ്പത്തിക ബാധ്യതകള്‍ പുറത്തുവരുന്നത്. കുടിശിക തീര്‍ക്കാതെ ഇന്ധനം നല്‍കില്ലെന്ന നിലപാടില്‍ പമ്പ് ഉടമയും ഉറച്ചുനിന്നതോടെയാണ് ചെയര്‍പേഴ്സന്റെ യാത്ര ഓട്ടോറിക്ഷയിലായത്.
കഴിഞ്ഞ ദിവസം നടന്ന നഗരസഭാ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. കുടിശിക വരുത്തിയതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഒരു ദിവസം തന്നെ മുന്‍ ചെയര്‍മാന്‍ പലതവണ ഔദ്യോഗിക വാഹനത്തില്‍ ഇന്ധനം നിറച്ചതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ ചെയര്‍പേഴ്സണ്‍, ഉടന്‍ തന്നെ കുടിശിക തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
നിലവില്‍ കുടിശികയുടെ ഭാഗമായി 38,000 രൂപയുടെ ചെക്ക് പമ്പ് ഉടമയ്ക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചിട്ടുണ്ട്. ബാക്കി തുക എത്രയും വേഗം നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതര്‍. ജനപ്രതിനിധികള്‍ക്കിടയിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് നഗരസഭയെ ഇത്തരമൊരു നാണക്കേടിലേക്ക് എത്തിച്ചതെന്ന ആക്ഷേപം ശക്തമാണ്.