നിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസ് ഒന്നാം ഘട്ട നിര്‍മ്മാണത്തിന് ഉടന്‍ സാങ്കേതികാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന്റെ ഉറപ്പ്. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ തടസങ്ങള്‍ നീക്കി പ്രവൃത്തി വേഗത്തിലാക്കാന്‍ മന്ത്രിതല യോഗം വിളിക്കാമെന്നും വ്യക്തമാക്കി. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പുകള്‍ ലഭിച്ചതെന്ന് നിലമ്പൂര്‍ എം.എല്‍.എ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.
ഇന്ന് സെക്രട്ടറിയേറ്റില്‍ മന്ത്രിയുടെ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ നിവേദനവും എം.എല്‍.എ സമര്‍പ്പിച്ചു. നിലമ്പൂര്‍ ബൈപാസിന് 227 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഇതില്‍ ആദ്യഘട്ട പൂര്‍ത്തീകരണത്തിന് 35 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് തേടിയത്. ആദ്യ ഘട്ടത്തിന്റെ സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും വേഗത്തിലാക്കാമെന്ന ഉറപ്പാണ് ലഭിച്ചത്.
30 വര്‍ഷം മുമ്പ് ബൈപാസിന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കി കുറവ് വരുത്തരുതെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. 12 വര്‍ഷത്തെ പലിശയും നല്‍കണമെന്ന് ആവശ്യവും ഉന്നയിച്ചു. എടക്കര ബൈപാസ് റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് സാങ്കേതികാനുമതിക്കായുള്ള നടപടി വേഗത്തിലാക്കാമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. രണ്ടു കോടി രൂപയാണ് എടക്കര ബൈപാസ് രണ്ടാം ഘട്ടത്തിനായി അനുവദിച്ചട്ടുള്ളത്. ചന്തക്കുന്നില്‍ നിന്നും വെളിയംതോട് വരെ സി.എന്‍.ജി റോഡ് ഉയര്‍ത്തി വെളിയംതോടില്‍ വെള്ളക്കെട്ടില്ലാതെ 5 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കാനുള്ള നടപടപടിയുണ്ടാകണമെന്നും ആവശ്യമുന്നയിച്ചു.
പൊതുമരാമത്ത് വകുപ്പ് നിലമ്പൂര്‍ നഗരസഭയില്‍ നിന്നും ഏറ്റെടുത്ത തൃക്കൈകുത്ത് പാലം അപ്രോച്ച് റോഡ് 1.80 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി വേഗത്തില്‍ നല്‍കണം, മലയോര ഹൈവേ പൂക്കോട്ടുംപാടം- മുണ്ടേരി റോഡിന്റെ മൂന്നാം ഘട്ടം കാറ്റാടിക്കടവ് മുതല്‍ ചാത്തമുണ്ട വരെ 12 മീറ്ററായി പുനസ്ഥാപിച്ച് നിര്‍മ്മിക്കുക,
പുഞ്ചകൊല്ലി പാലത്തിന്റെ 8.40 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി, കവളപ്പൊയ്ക- ഇല്ലിക്കാട് പാലത്തിന്റെ 7.33 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി അടക്കമുള്ള 12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ മന്ത്രിതല യോഗം വിളിക്കാമെന്ന ഉറപ്പും ലഭിച്ചതായും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.