NILAMBUR BY-ELECTION| നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി യുഡിഎഫ്

Jaihind News Bureau
Saturday, May 31, 2025

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണത്തിനൊരുങ്ങുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകളോടെയായിരുന്നു പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണത്തിനുള്ള എല്ലാ നീക്കങ്ങളും യുഡിഎഫ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് പാര്‍ട്ടി സുസജ്ജമെന്നും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ അതേസമയം, അന്‍വറുമായി ഇനി ചര്‍ച്ച നടത്തില്ലെന്നും വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും അവഗണിക്കുമെന്നം സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. വളരെ ആഘോഷത്തോടെയായിരുന്നു പത്രിക സമര്‍പ്പണം. റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് ആര്യാടന്‍ ഷൗക്കത്ത് എത്തിച്ചേര്‍ന്നത്. ജൂണ്‍ 19 നാണ് ആവേശകരമായ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 ന് വേട്ടെണ്ണല്‍ നടക്കും. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ ആയിരുന്ന അന്‍വര്‍ ഇടതു ബന്ധം ഉപേക്ഷിച്ച് രാജി വെച്ചത്. തുടര്‍ന്നാണ് നിലമ്പൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.