യുഡിഎഫ് സര്‍വസജ്ജം: പിണറായിയുടെ ദുര്‍ഭരണത്തിന്റെ വിലയിരുത്തലാകും : രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, May 25, 2025


തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സര്‍വസജ്ജമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകും. നിലമ്പൂരില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും. എല്‍ഡിഎഫിന് ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകും.

പിണറായി വിജയന്റെ ദുര്‍ഭരണത്തിന് ശക്തമായ ഒരു തിരിച്ചടി കൊടുക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് ഒറ്റക്കെട്ടായി ഒരുമിച്ചു മുന്നോട്ടു പോകും. സ്ഥാനാര്‍ഥി നിര്‍ണയം അധികം വൈകാതെ പൂര്‍ത്തിയാകും. പ്രതീക്ഷയോടെ കേരള ജനത നിലമ്പൂരിലേക്ക് ഉറ്റുനോക്കുകയാണ്. കേരളത്തില്‍ ഒരു ഭരണമാറ്റമുണ്ടാകാന്‍ കാത്തിരിക്കുന്ന കേരളത്തിലെ ജനങ്ങളെ നിലമ്പൂര്‍ നിരാശപ്പെടുത്തില്ല. പൂര്‍ണമായും ജനങ്ങള്‍ യുഡിഎഫിനോടൊപ്പം തന്നെയാണ്. കേരളത്തിലെ ഭരണമാറ്റത്തിന്റെ കേളികൊട്ടാണ് നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്നത്.

മുന്‍ എംഎല്‍എ ആയ പിവി അന്‍വര്‍ യുഡിഎഫിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ഥി ആരുതന്നെയായാലും അന്‍വര്‍ പിന്തുണ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കം നടക്കുന്നതായാണ് മനസിലാകുന്നത്. ഇത് ബിജെപി – സിപിഎം രഹസ്യബാന്ധവത്തിന്റെ ഭാഗമാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന്റെ വിലയിരുത്തലാകും. റോഡു നിര്‍മാണം മുതല്‍ തോടു നിര്‍മാണം വരെ സമസ്ത മേഖലകളിലും നടന്ന അഴിമതിയും തൃശൂര്‍ പൂരം കലക്കല്‍ മുതലിങ്ങോട്ട് സിപിഎമ്മിന്റെ ബിജെപി ബാന്ധവവും തെരഞ്ഞെടുപ്പിലെ ചൂടുള്ള വിഷയമാകും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയും മുഖ്യമന്ത്രിയുടെ ഓഫീസെന്ന അഴിമതിക്കൂടാരവും ഈ തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളാകും- രമേശ് ചെന്നിത്തല പറഞ്ഞു.