നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : മണ്ഡലം തിരിച്ചു പിടിക്കും; ആത്മവിശ്വാസത്തില്‍ യുഡിഎഫ്

Jaihind News Bureau
Sunday, May 25, 2025

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് എത്തുന്നതു കൊണ്ടു മാത്രമല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത് സെമി ഫൈനല്‍ എന്നാണ്. നിയമസഭയിലെ കക്ഷിനിലയിലോ ഭരണമാറ്റത്തിലോ നിര്‍ണ്ണായകമല്ല നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് . എന്നാല്‍ രാഷ്ട്രീയമായി ഒട്ടേറെ കാരണങ്ങളുണ്ട് ഈ ഉപതെരഞ്ഞെടുപ്പിനെ വീറുറ്റതും ‘മസ്റ്റ് വിന്‍’ പൊസിഷനില്‍ എത്തിക്കുന്നതില്‍.

നിലമ്പൂര്‍ യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്നു ഒരു കാലത്ത് . 1967 ല്‍ തുടങ്ങിയ നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉരുക്കു കോട്ടയായി അതു നിലകൊണ്ടു മൂന്ന് തവണ മാത്രമാണ് ഇടതിന് നിലമ്പൂരില്‍ നി്ന്ന് വിജയിക്കാനായതെന്നാണ് ചരിത്രം. ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന മണ്ഡലം 2016 ല്‍ പി വി അന്‍വര്‍ എത്തിയതോടെ മനസ് മാറ്റി. 2021ലും അത് ആവര്‍ത്തിച്ചു. എന്നാല്‍ രാഷ്ട്രീയ ചിത്രം മാറി. പി വി അന്‍വര്‍ ഇപ്പോള്‍ യുഡിഎഫ് പാളയത്തിലാണ്. അതിനാല്‍ മണ്ഡലം തിരിച്ചു പിടിക്കുകയെന്നതാണ് യുഡിഎഫിന്റെ ആദ്യ ദൗത്യം.. ഏറ്റവും പ്രധാനവും

പുതിയ അദ്ധ്യക്ഷന്റെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിലും യുഡിഎഫിന് വിജയം സുനിശ്ചിതമാക്കണം. പാലക്കാടിനു പിന്നാലെയുള്ള വിജയം ഇരട്ടി മധുരമാകും. അടുത്തെത്തുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുള്ള ഊര്‍ജ്ജവും ആവേശവും അതില്‍ നിന്ന് ലഭിക്കും. പ്രവര്‍ത്തകര്‍ക്കും അത് പുതിയ ഉണര്‍വ്വു നല്‍കുമെന്നതില്‍ സംശയമില്ല. ഭരണപരാജയമെന്ന മുഖ്യമുദ്രാവാക്യത്തിന് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ പരീക്ഷണം കൂടിയാവും ഈ തെരഞ്ഞെടുപ്പ്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി എതിരാളിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.

ദേശീയ പാത അഴിമതി മുതല്‍ മാസപ്പടി വിവാദങ്ങള്‍ വരെ ഒട്ടേറെയുണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആയുധങ്ങളായി. മൂന്നാം വട്ടവും അധികാരത്തിലേയ്‌ക്കെന്ന് പ്രചാരണത്തിന്റെ മുനയൊടിക്കേണ്ടത് അത്യാവശ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പ് ഈ പ്രചരണത്തെ ഫലപ്രദമായി ഒറ്റക്കെട്ടായി നേരിടാനാണ് യുഡി എഫ് ഒരുങ്ങുന്നത്.

ചരിത്രം പോലെ തന്നെ വര്‍ത്തമാനകാലവും യുഡിഎഫിന് അനുകൂലമാണ്. ദേശീയ പാതയുടെ അഴിമതിയും കെടുകാര്യസ്ഥതയും ജനമനസ്സുകളില്‍ രോഷമായി നിലനില്‍കകുന്നു. വന്യജീവിആക്രമണം ചെറുക്കുന്നതിലെ നിഷ്‌ക്രിയത്വവും ക്ഷേമപെന്‍ഷന്‍ പോലും കൊടുക്കാനാവാത്ത പിടിപ്പുകേടും നിരന്തരമായി ചര്‍്ച്ച ചെയ്യപ്പെടുന്നു. ബിജെപിയുമായുള്ള രഹസ്യ ബാന്ധവവും മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കേസുകള്‍ ഒതുക്കപ്പെടുന്നതും രാഷ്ട്രീയമായിത്തന്നെ നേരിടേണ്ടിവരും.

ഇതെല്ലാം യുഡിഎഫിന്റെ രാഷ്ട്രീയ ആവശ്യമായി നിലനില്‍ക്കെ രാജിവച്ചൊഴിയേണ്ടി വന്ന അന്‍വറിന്റെ രാഷ്ട്രീയ ഭാവികൂടിയാണ് പരീക്ഷിക്കപ്പെടുക. പിണറായിയ്‌ക്കെതിരേ വലിയ മുദ്രാവാക്യങ്ങളും ആരോപണങ്ങളും ഉയര്‍ത്തുന്ന അന്‍വറിന്റെ നിലപാട് ഉറപ്പിക്കാന്‍ ഇത്തവണ യുഡിഎഫ് ജയിക്കേണ്ടതായുണ്ട്. യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയായാലും അംഗീകരിക്കുമെന്നാണ് അന്‍വറിന്റെ നിലപാട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജനങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരിക്കും. ജനങ്ങളും പിണറായിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നിലമ്പൂരില്‍ നടക്കുയെന്നാണ് അന്‍വര്‍ പറയുന്നത്. ആ ഏറ്റുമുട്ടലില്‍ ആരെ നിര്‍ത്തിയാലും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് നിലമ്പൂരിലെ ജനങ്ങള്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ കാണാന്‍ പോകുന്നത്.