ഇടുക്കി : ധീരജ് വധക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇടുക്കി ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് ജാമ്യം. നിഖിൽ പൈലിയ്ക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഗവണ്മെന്‍റ് പ്ലീഡറുമായ അഡ്വ. എസ്. അശോകൻ ആണ് ഹാജരായത്.
കഴിഞ്ഞ ജനുവരി പത്തിനാണ് കോളേജ് തെരഞ്ഞെടുപ്പിനിടയിലുണ്ടായ തർക്കത്തിനിടെ ഇടുക്കി ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലചെയ്യപ്പെടുന്നത്. സിപിഎം തിരക്കഥയനുസരിച്ച് പ്രതികളെ തീരുമാനിച്ച് എടുത്ത കേസിൽ ഇക്കഴിഞ്ഞ രണ്ടാം തീയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 160 സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തില്‍ നിഖില്‍ പൈലിയെ പ്രതിസ്ഥാനത്ത് നിർത്താന്‍ വേണ്ട തെളിവുകളുടെ അഭാവം ദൃശ്യമാണ്. ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിഖില്‍ പൈലി ധീരജിനെ കുത്തുന്നത് കണ്ടതായി എസ്എഫ്ഐ നേതാക്കൾ പോലും പറയുന്നില്ല. എട്ട് പ്രതികളാണ് കേസിൽ ഉള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് ഏഴ് പ്രതികൾക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലിൽ കിടക്കുന്നത് നിരപരാധികളാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം.പി നേരത്തെ പറഞ്ഞിരുന്നു. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. നിഖിൽ ആണ് കുത്തിയതെന്ന് ബോധ്യമാകാത്തതുകൊണ്ടാണ് അപലപിക്കാത്തതെന്നും കെ സുധാകരൻ എംപി വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്‍റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസ് കേസില്‍ മുന്നോട്ട് പോയതെന്ന ആക്ഷേപം ശക്തമാണ്.