മഴ ജാഗ്രത; ഇടുക്കിയിൽ ഇന്നും രാത്രി യാത്രയ്ക്ക് നിരോധനം

Jaihind Webdesk
Wednesday, June 26, 2024

ഇടുക്കി: ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കിയില്‍ ഇന്നും രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. വരുന്ന മൂന്നു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ നാളെയും കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും കേരള-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.