തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രാത്രി 9 മുതല്‍ 5 വരെയാണ് കര്‍ഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും.
വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു. സിനിമാ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി ഏഴര വരെയാക്കി പരിമിതപ്പെടുത്തി. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വർക്ക് ഫ്രം ഫോം നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും.
മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാഴ്സൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലൂടെ ആരാധനകൾ ബുക്ക് ചെയ്യണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.