ബിജെപി സ്ഥാനാര്‍ത്ഥിക്ക് ചെരിപ്പേറ്; ഹരിയാനയില്‍ കര്‍ഷകരുടെ ചൂടറിഞ്ഞ് ബിജെപി

Jaihind Webdesk
Wednesday, October 2, 2024

ഡല്‍ഹി: ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. ഈ ഘട്ടത്തില്‍ ബിജെപിക്കെതിരെ കര്‍ഷക രോഷം രൂക്ഷമാവുകയാണ്. പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ഥികളെ കര്‍ഷകര്‍ ഓടിച്ചുവിടുകയും ചെരിപ്പെറിയുകയും ചെയ്തു. കര്‍ഷക പ്രതിഷേധങ്ങള്‍ അവഗണിച്ചതാണ് ബിജെപിക്ക് വിനയായത്.

റാതിയ, ഹിസാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണ് ബിജെപി കര്‍ഷകരുടെയും പൊതുജനങ്ങളുടെയും വിമര്‍ശനങ്ങള്‍ അനുഭവിക്കുന്നത്. റാതിയയിലെ ബിജെപി വനിതാ സ്ഥാനാര്‍ഥി സുനിത ദുഗ്ഗലിനെയാണ് കര്‍ഷകര്‍ ഓടിച്ചത്. ലാംബ ഗ്രാമത്തിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുന്‍ എംപി കൂടിയായ സുനിത ദുഗ്ഗലിനെതിരെ നാട്ടുകാര്‍ തിരിഞ്ഞത്.

ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം യാഥാര്‍ഥ്യമാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയും ഖനൗരി അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷകന്‍ ശുഭ്കരണ്‍ സിങിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ സുനിത ദുഗ്ഗലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി പറയാന്‍ ദുഗ്ഗലിന് കഴിഞ്ഞില്ല. ഇതോടെയാണ് കര്‍ഷകര്‍ സ്ഥാനാര്‍ഥിക്ക് നേരെ തിരിഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ദുഗ്ഗലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സമീപത്തെ ധാനി ഗ്രാമത്തില്‍ വെച്ച് പ്രതിഷേധക്കാര്‍ ഓടിച്ചു വിടുകയായിരുന്നു.

തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹരിയാനയില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഹരിയാനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.