എൻഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു

Jaihind News Bureau
Wednesday, August 12, 2020

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുക്കാനാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. നയതന്ത്ര ബാഗുകള്‍ സംസ്ഥാന സർക്കാറിന്‍റെ അറിവോടെ എത്ര തവണ എത്തി എന്നത് സംബന്ധിച്ച വിവര ശേഖരണത്തിനാണ് എന്‍ഐഎ സംഘമെത്തിയത്. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും എന്‍ഐഎ സംഘം ചര്‍ച്ച നടത്തി. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.

മന്ത്രി കെ ടി ജലീൽ മതഗ്രന്ഥങ്ങൾ വിതരണം ചെയ്തു എന്ന ആരോപണത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ വീണ്ടുമെത്തുന്നത്. ഇത് രണ്ടാം തവണയാണ് എൻഐഎ സംഘം ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ എത്തുന്നത്.

മാർച്ച് നാലിന് യുഎഇ കോൺസുലേറ്റ് ജനറലിന്‍റെ പേരിലുള്ള നയതന്ത്ര ബാങ്കിലൂടെ 6000 മതഗ്രന്ഥങ്ങൾ എത്തിച്ചുവെന്നും അത് ഉന്നത വിദ്യാഭാസ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സി ആപ്ടിന്‍റെ ഓഫീസിൽ എത്തിച്ചുവെന്നുമാണ് കണ്ടെത്തൽ. ഡിപ്ലോമാറ്റിക് ബാഗ് വഴി മത ഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാൻ കസ്റ്റംസിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. യു എ ഈ കോൺസുലേറ്റ് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി സമ്മതിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകൾ വന്നു എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം എന്നാവശ്യപ്പെട്ടാണ് പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ഫോൺ വിശദാംശങ്ങൾ നൽകാത്തതിന് ബിഎസ് എൻ എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.

അതേസമയം, എൻഐഎ സംഘം പല തവണ സെക്രട്ടേറിയറ്റിൽ അന്വേഷണത്തിനായി എത്തുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിലേതടക്കം ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങൾ ശേഖരിക്കുന്നതും പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുകയാണ്‌.