ജലീലിനെ ചോദ്യം ചെയ്തത് എട്ട് മണിക്കൂറിലേറെ : തലസ്ഥാനത്തേക്കുള്ള മടക്കയാത്രക്കിടെയും കാർ മാറി ഒളിച്ചുകളി

Jaihind News Bureau
Thursday, September 17, 2020

കൊച്ചി : മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറിലേറെ നീണ്ടു. പറയാനുള്ളതെല്ലാം എന്‍.ഐ.എയോട് പറഞ്ഞതായി മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു.

പുലർച്ചെ ആറ് മണിക്കാണ് മന്ത്രി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചേർന്നത്. പത്ത് മണിക്കൂറിലേറെ മന്ത്രി എന്‍.ഐ.എ ആസ്ഥാനത്ത് തുടർന്നു. എട്ട് മണി മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചതെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം കെ.ടി ജലീല്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. മടക്കയാത്രക്കിടെയും മന്ത്രി കാര്‍ മാറി. എന്‍.ഐ.എ ഓഫീസില്‍ നിന്ന് സ്വകാര്യ കാറില്‍ മടങ്ങിയ മന്ത്രി ഇടയ്ക്ക് വെച്ച് കാർ മാറുകയായിരുന്നു.

സി.പി.എം നേതാവും മുന്‍ ആലുവ എം.എല്‍.എയുമായ എ.എം യൂസഫിന്‍റെ കാറിലായിരുന്നു ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയത്. മന്ത്രി ആവശ്യപ്പെട്ട പ്രകാരം പുലര്‍ച്ചെ നാലരയോടെ കളമശേരി റസ്റ്റ് ഹൗസില്‍ വാഹനം എത്തിക്കുകയും അവിടെ നിന്നും എൻ.ഐ.എ ഓഫീസിൽ എത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. വീഡിയോ കോൺഫറന്‍സിംഗ് വഴിയോ രാത്രിയിലാേ ചോദ്യം ചെയ്യണമെന്ന് കെ.ടി ജലീൽ ആവശ്യപ്പെട്ടങ്കിലും ആവശ്യം എൻ.ഐ.എ നിരാകരിക്കുകയായിരുന്നു.

സ്വര്‍ണ്ണക്കടത്ത് അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍.