‘സ്വർണ്ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷണത്തിലൊതുക്കിയതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ധാരണ; കേസ് സി.ബി.ഐയും റോയും അന്വേഷിക്കണം’ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, July 12, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷണത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ, അന്താരാഷ്ട്ര മാനങ്ങളുള്ള കേസായതിനാല്‍ സി.ബി.ഐയും റോയും കേസ് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍റെ 36-ാം സ്ഥാപകദിനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണത്തെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കേസിലെ രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. കൂടാതെ അന്താരാഷ്ട്രമാനമുള്ള കേസായതിനാല്‍ റോയ്ക്കും അന്വേഷണ ചുമതല നല്‍കണം. ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമെ ഈ സ്വര്‍ണ്ണക്കടത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേസ് എന്‍.ഐ.എ അന്വേഷണത്തില്‍ മാത്രം ഒതുക്കിയത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.എമ്മും ഇപ്പോള്‍ ആശ്രയിക്കുന്നത് പ്രധാനമന്ത്രിയെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കള്ളക്കടത്ത് കേസായതിനാല്‍ ഇക്കാര്യവും അന്വേഷണപരിധിയില്‍ വരേണ്ടതുണ്ട്. കേസിന്‍റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണെന്നതും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സമസ്തമേഖലയിലും പരാജയപ്പെട്ട സർക്കാരാണിതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ധൂര്‍ത്തും ധാരാളിത്തവുമാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശമ്പളപരിഷ്കരണം സർക്കാർ അട്ടിമറിച്ചു.  ജീവിത ചെലവ് ദുസഹമായ സാഹചര്യത്തില്‍ സാലറി ചലഞ്ച് നടത്തി സര്‍ക്കാര്‍ ജീവനക്കാരെ ദ്രോഹിച്ചു. ഉദ്യോഗസ്ഥന്‍മാരെ മാനദണ്ഡമില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. അഴിമതിയും സ്വജനപക്ഷപാതവും ആചാരമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി,യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍,കെ മുരളീധരന്‍ എം.പി, ആര്യാടന്‍ മുഹമ്മദ്, എം.എല്‍.എമാരായ വി.ഡി.സതീശന്‍, വി.എസ് ശിവകുമാര്‍, പി.ടി തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖ്, ലതികാ സുഭാഷ്, ചവറ ജയകുമാര്‍, കെ വിമലന്‍, മനോജ് ജോണ്‍സണ്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.