സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ

Jaihind News Bureau
Wednesday, October 14, 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിശദീകരണം നൽകവെ എന്‍ഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. പ്രതികൾ കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ വെച്ച്‌ വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടതെന്നും എന്‍ഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച്‌ അഭിഭാഷകന്‍ വ്യക്തമാക്കിയത്. സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി കെ.ടി.റമീസ്, ഷറഫുദീന്‍ എന്നിവര്‍ താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു. പ്രതികളുടെ താന്‍സാനിയന്‍ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിക്കണമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലുള്ള ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരന്‍ താന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഒരുമിച്ച്‌ ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. പ്രതികള്‍ തോക്കുകളേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍ഐഎ കോടതിയോട് പറഞ്ഞു. സ്വർണത്തിനായി പണം മുടക്കിയവർ ലാഭം എടുത്തിട്ടില്ല എന്ന് എൻഐ എ കോടതിയെ അറിയിച്ചു.

ലാഭം എടുക്കാതെ സ്വർണക്കടത്തിൽ വീണ്ടും നിക്ഷേപിച്ചാൽ അത് തീവ്രവാദത്തിനായി കണക്കാക്കാം എന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ക് ഫോഴ്സിൻ്റെ റിപ്പോർട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു. രാജ്യത്തിൻ്റെ സാമ്പത്തിക സുസ്ഥിരത തകർക്കാൻ ശ്രമിക്കുന്ന കുറ്റകൃത്യം ഗൗരവമുള്ളതെന്ന് കോടതി വ്യക്തമാക്കി.