സ്വർണ്ണക്കടത്ത് കേസ്: എന്‍ഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം

Jaihind Webdesk
Monday, July 18, 2022

ന്യൂഡല്‍ഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് ലോക്സഭയില്‍ അറിയിച്ച് കേന്ദ്രം. അടൂർ പ്രകാശ്, എൻകെ പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര മന്ത്രി പങ്കജ് ചൗധരി അറിയിച്ചു. സ്വപ്നാ സുരേഷിന്‍റെ മൊഴിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. അതേസമയം സ്വപ്നാ സുരേഷിന്‍റെ മൊഴിയിലാണോ അന്വേഷണം എന്നത് വ്യക്തമാക്കിയില്ല. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം അറിയിച്ചു.