വിഴിഞ്ഞത്ത് എന്‍ഐഎ അന്വേഷണം; പോലീസിനോട് റിപ്പോർട്ട് തേടി

Jaihind Webdesk
Wednesday, November 30, 2022

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തില്‍ എന്‍ഐഎ അന്വേഷണം. സംഘർഷത്തിനിടെ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോ എന്നതാണ് എന്‍ഐഎ അന്വേഷിക്കുക. വിഴിഞ്ഞം പോലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻഐഎ സംഘം തിരുവനന്തപുരത്തെത്തി. പ്രദേശത്ത് ശക്തമായ പോലീസ് സുരക്ഷ തുടരുകയാണ്. അതിനിടെ ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ചു.

ശക്തമായ പോലീസ് സുരക്ഷയിലാണ് വിഴിഞ്ഞം പ്രദേശം. ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഴിഞ്ഞം സംഭവത്തിൻെറ പശ്ചാലത്തിൽ സംസ്ഥാനത്തെ തീരദേശ സ്റ്റേഷനുകള്‍ അതീവജാഗ്രത പുലർത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. അവധിയിലുള്ള പോലീസുകാരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ളവരെയും വിളിപ്പിച്ചു.

കേസന്വേഷണത്തിനും ക്രമസമാധാനത്തിനുമായി രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.  നിയോഗിച്ചു. എസ്പിമാരായ കെ.കെ അജി, കെ.ഇ ബൈജു എന്നിവരും അസിസ്റ്റന്‍റ് കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘം ക്രമസമാധാനപാലത്തിന് മേൽനോട്ടം വഹിക്കും. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ നാല് അസിസ്റ്റന്‍റ് കമ്മീഷണർമാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘത്തിനാണ് വിഴിഞ്ഞം ആക്രണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്‍റെ ചുമതല. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 3000 പേർക്കെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.