സ്വർണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമർപ്പിച്ചു ; സന്ദീപ് നായർ മാപ്പുസാക്ഷി

Jaihind News Bureau
Tuesday, January 5, 2021

കൊച്ചി : സ്വർണ്ണക്കടത്ത് കേസില്‍ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. സ്വപ്നാ സുരേഷും സരിത്തും അടക്കമുള്ള പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യു.എ.പി.എ  16,17,18 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്.  കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായര്‍ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാണ്. കേസിൽ ആദ്യ അറസ്റ്റ് നടന്ന് ആറുമാസം തികയുന്നതിനു മുമ്പാണ് കുറ്റപത്രം നൽകുന്നത്.

സ്വപ്‌നാ സുരേഷ്, സരിത്ത്, കെ.ടി റമീസ് തുടങ്ങി മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 21 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരില്‍ ചിലര്‍ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി പൂര്‍ത്തികരിക്കാനുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്.

സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധത്തെ കുറിച്ചാണ് എൻ.ഐ.എ പ്രധാനമായും അന്വേഷിച്ചത്. സംസ്ഥാന സർക്കാറിന്‍റെ ആവശ്യപ്രകാരമാണ് എൻ.ഐ.എ വിവാദമായ സ്വർണ്ണക്കടത്ത് കേസന്വേഷണം ഏറ്റെടുത്തത്. തുടർന്ന് സ്വപ്ന അടക്കമുള്ള പ്രതികളെ ബംഗളുരുവിൽ നിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. കൂടാതെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീൽ അടക്കമുള്ളവരെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. പ്രധാന പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ കുറ്റപത്രം തയാറാക്കിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തീവ്ര സ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് നേരത്തെ എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു.കൂടാതെ പ്രതികളുടെ വിദേശബന്ധങ്ങളും മറ്റും എൻ.ഐ.എ സംഘം അന്വേഷിക്കുകയും വിദേശത്ത് നിന്നും പ്രതികൾക്ക് സഹായം ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സന്ദീപ് നായര്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പുസാക്ഷിയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോളും വിദേശത്താണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. യു.എ.പി.എ ചുമത്തിയ പ്രതികൾക്ക് 180 ദിവസം കഴിഞ്ഞാൽ ജാമ്യം ലഭിക്കാൻ സാധ്യത ഉള്ളതിനാലാണ് നാടകീയമായി കുറ്റപത്രം സമർപ്പിച്ചത്.