സ്വർണ്ണക്കടത്തില്‍ കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ കോടതി

Jaihind News Bureau
Monday, October 5, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്‍റെ കേസ് ഡയറി ഉടന്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ കോടതി. പ്രതികൾക്കെതിരെ ഇതുവരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് തെളിവ് നല്‍കണമെന്നും കോടതി. അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. എറണാകുളം ചീഫ് ജിഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിന്‍റെ മൊഴി രേഖപ്പെടുത്താന്‍ ഉത്തരവിട്ടത്.

എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടി വരുമെന്ന് എന്‍ഐഎ കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ  വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എണ്‍പത് ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്.

കേസില്‍ നേരത്തേ സൂചിപ്പിച്ചതിനപ്പുറം  യുഎപിഎ കുറ്റം ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എന്‍ഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടനടി ഹാജരാക്കണമെന്നും എന്‍ഐഎ കോടതി ആവശ്യപ്പെട്ടത്.

എന്‍ഐഎയെ സംബന്ധിച്ച്‌ സുപ്രധാനമായ നിര്‍ദേശമാണിത്. തെളിവുകള്‍ ഉടനടി ഹാജരാക്കിയിട്ടില്ലെങ്കില്‍ പ്രതികള്‍ പലരും ജാമ്യത്തില്‍ പോകും. ഇത് അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിക്കും. അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  രഹസ്യമെഴി രേഖപ്പെടുത്തണം എന്ന സന്ദീപ് നായരുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിന് എറണാകുളം സി.ജെ.എം കോടതി അനുമതി നൽകിയത് . ആലുവ സിജെഎം കോടതിയായിരിക്കും സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുക.