എന്‍.എച്ച്.എം പദ്ധതിക്ക് 550 കോടി കുടിശിക; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും ചികിത്സയും സ്തംഭിച്ചെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, June 14, 2020

 

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) 550 കോടിയിലധികം രൂപ കുടിശിക ആയതോടെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും ചികിത്സയും സ്തംഭിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതില്‍ കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ 40 ശതമാനം വിഹിതം പതിവായി മുടങ്ങുന്നു. അങ്ങനെയാണ് കുടിശിക 550 കോടിയായത്.

വിവിധ ആരോഗ്യപരിപാടികള്‍ക്ക് തുക നല്‍കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി കേന്ദ്രത്തില്‍ നിന്നും എന്‍.എച്ച്. എമ്മിന്റെ വിഹിതം വാങ്ങുന്നുണ്ട്. എന്നാല്‍ ഉത്തരവിറക്കുന്നതല്ലാതെ പണം ബന്ധപ്പെട്ടവര്‍ക്കു നല്‍കുന്നില്ല.

ഇതുമൂലം പ്രാഥിമകാരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളജുകളും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ ചികിത്സാസ്ഥാപനങ്ങളും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് പുറത്തേക്കു കുറിച്ചുകൊടുക്കുകയാണിപ്പോള്‍. കാരുണ്യ ചികിത്സാപദ്ധതി സ്തംഭനത്തിലായി. 108 ആംബുലന്‍സുകള്‍ പലപ്പോഴും പണിമുടക്കിലാണ്. അവര്‍ക്കും നല്ലൊരു തുക കുടിശികയുണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് മുടങ്ങാതെ നല്‍കേണ്ട വിറ്റാമിന്‍ എ പരിപാടി പോലും മുടങ്ങി. കുട്ടികളുടെ കാഴ്ചശക്തിക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും നല്കുന്നതാണ് വിറ്റാമിന്‍ എ. അഞ്ചു വയസിനിടയ്ക്ക് 9 തവണയാണിതു നല്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 1970 മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന പരിപാടിയാണിത്. കോവിഡ് കാലത്ത് കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ എ നിഷേധിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന പാവപ്പെട്ട കുട്ടികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ചില ജില്ലകളില്‍ ആറുമാസമായി വിറ്റമിന്‍ എ ലഭ്യമല്ല.

100 കോടിയിലധികം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് കാരുണ്യ ചികിത്സാപദ്ധതി ഇപ്പോള്‍ ത്രിശങ്കുവിലാണ്. ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ട് ആരോഗ്യവകുപ്പിന്റെ കീഴിലാക്കിയെങ്കിലും അവര്‍ ഏറ്റെടുത്തിട്ടില്ല. ഇതോടെ രോഗികള്‍ പെരുവഴിയിലായി. കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍ (കെബിഎഫ്) നിന്ന് ആനുകൂല്യം നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ധനവകുപ്പിന്റെ സഹായമില്ലാതെ ആരോഗ്യവകുപ്പിന്റെ തനതു ഫണ്ടില്‍ നിന്ന് കാരുണ്യ പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭിക്കില്ലെന്നു വ്യക്തം. യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. ഇപ്പോള്‍ കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്‌നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുന:സ്ഥാപിക്കണം.

1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് കാരുണ്യ പദ്ധതിയിലൂടെ യുഡിഎഫ് നല്‍കിയത്. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് അനായാസം രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. സര്‍ക്കാര്‍ കൊവിഡില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റ് ആരോഗ്യ, പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് താളം തെറ്റിയതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.