നെയ്യാറ്റിന്‍കരയിലെ തർക്കഭൂമി വസന്തയുടേത് ; തഹസില്‍ദാരുടെ റിപ്പോർട്ട് കളക്ടർക്ക് കൈമാറി

Jaihind News Bureau
Wednesday, January 6, 2021

 

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ രാജന്‍-അമ്പിളി ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ തര്‍ക്ക വസ്തു പരാതിക്കാരിയുടെ പേരിലുള്ളതെന്ന് റിപ്പോര്‍ട്ട്. അതിയന്നൂര്‍ വില്ലേജ് ഓഫീസാണ് ഉടമസ്ഥത സ്ഥിരീകരിച്ചത്. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകന്‍ എ എസ് ശരത് കുമാറിന്‍റെ പേരിലാണ്. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍ നിന്നു രാജനു നേരത്തെ ലഭിച്ച രേഖയില്‍ ഇതേ ഭൂമി വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ എസ്. സുകുമാരന്‍ നായര്‍, കെ. കമലാക്ഷി, കെ. വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണു രാജന്‍ നിയമവിദഗ്ധരുടെ അഭിപ്രായം തേടിയതെന്നു കരുതുന്നു. പട്ടയം ലഭിച്ചയാള്‍ ഭൂമി ഉപേക്ഷിച്ചു പോയതിനാല്‍, ഈ ഭൂമിയില്‍ താമസിക്കാനും താലൂക്ക് ഓഫിസില്‍ തന്‍റെ പേരില്‍ പട്ടയം ലഭിക്കാന്‍ അപേക്ഷ നല്‍കാനും രാജനു നിയമോപദേശം ലഭിച്ചുവെന്നാണ് കരുതുന്നത്.

വെണ്‍പകല്‍ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനില്‍ ഉടസ്ഥര്‍ക്കു പട്ടയം നല്‍കുന്നത് 1989ലാണ്. പത്തുവര്‍ഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നല്‍കിയത്. ആദ്യ ഉടമകള്‍ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു. തെറ്റായ രേഖ നല്‍കിയ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലായി. രാജന്‍-അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങള്‍ ലഭിച്ചതു കൊണ്ടാണെന്നാണ് സൂചന.

ഒഴിഞ്ഞു കിടന്ന ഭൂമിയില്‍ രാജന്‍ ഷെഡ് നിര്‍മിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വര്‍ഷം മുന്‍പാണ്. മാസങ്ങള്‍ക്കുശേഷം അയല്‍വാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജന്‍ സെപ്റ്റംബര്‍ 29ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസില്‍, വസ്തുവിന്റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടായിരുന്നത്. തെറ്റായ വിവരം നല്‍കിയത് ഉദ്യോഗസ്ഥരാണെന്നും നടപടി വേണമെന്നുമെന്നുമാണ് രാജന്റെ മക്കള്‍ പറയുന്നത്.

തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളില്‍ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. അവര്‍ക്കെതിരെയും നടപടി വേണം. താലൂക്ക് ഓഫിസില്‍ നിന്നും തെറ്റായ വിവരം വിവരാവകാശത്തിലൂടെ നല്‍കിയതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും തഹസില്‍ദാര്‍ പ്രതികരിച്ചു.