നെയ്യാറിൽ ചീങ്കണ്ണിയുടെ കടിയേറ്റ് വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരന് പരിക്ക്

Tuesday, January 22, 2019

തിരുവനന്തപുരം: നെയ്യാർ ഡാം ചീങ്കണ്ണി പാർക്കിൽ ചീങ്കണ്ണിയുടെ കടിയേറ്റ് വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരന് പരിക്ക്. ചീങ്കണ്ണി വളർത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ വിജയൻ (42) നാണ് പരിക്കേറ്റത്.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാർക്കിലെ ചീങ്കണ്ണികൾ തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ചീങ്കണ്ണിക്ക് മരുന്നുവെക്കുന്നതിനിടെയാണ് വിജയന് കടിയേറ്റത്. മരുന്നു വെച്ചതിന് ശേഷം കൂടിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ വിജയന്‍റെ വലത് കൈയിൽ കടിച്ച ശേഷം ചീങ്കണ്ണി പിന്മാറുകയായിരുന്നു. ഇതേത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയന്‍റെ കൈയിൽ മൂന്ന് തുന്നലുകളുണ്ട്. ചികിത്സകൾക്ക് ശേഷം ഉച്ചയോടെ വിജയനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.