ന്യൂജെൻ ഹോണ്ട സിറ്റി മാർച്ച് 16 ന് നിരത്തുകളിലെത്തും

Jaihind News Bureau
Thursday, February 27, 2020

ഹൈബ്രിഡ് എൻജിനുമായി ന്യൂജെൻ ഹോണ്ട സിറ്റി മാർച്ച് 16 ന് നിരത്തുകളിലെത്തും.  ഡിസൈനും എൻജിനും പുതുക്കിയാണ് ഹോണ്ടസിറ്റി പുത്തൻ വെർഷൻ ഇറങ്ങുന്നത്.

നാളിതുവരെ ആർക്കും അനിഷ്ടം തോന്നിയിട്ടില്ലാത്ത വാഹനമാണ് സിറ്റി.  ഈ ജനപ്രീതി നിലനിർത്താൻ സിറ്റിയുടെ ഏറ്റവും പുതിയ മോഡൽ നിരത്തുകളിലെത്തിക്കുകയാണ് ഹോണ്ട.  സൗന്ദര്യം തന്നെയാണ് ഇത്തവണയും സിറ്റിയുടെ മുഖമുദ്രയെങ്കിലും മികച്ച ഇന്ധനക്ഷമത ഉറപ്പിക്കുന്നതിനായി മൈൽഡ് ഹൈബ്രിഡ് സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
മുൻ മോഡലിനെക്കാൾ ആഡംബരമാണ് എക്‌സ്റ്റീരിയർ.

ഹോണ്ടയുടെ പ്രീമിയം സെഡാൻ മോഡലായ സിവിക്കിന് സമാനമാണ് മുൻവശം.  ഫ്രണ്ട് ബമ്പർ, ഗ്രില്ല് എന്നിവയുടെ ഡിസൈനിൽ മാറ്റമുണ്ട്. എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, എൽ.ഇ.ഡി ഫോഗ് ലാമ്പ്, ഹണി കോമ്പ് ഡിസൈനുള്ള വലിയ എയർഡാം എന്നിവ മുൻവശത്തെ അലങ്കരിക്കുന്നു.മുമ്പുണ്ടായിരുന്ന 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിൽ തന്നെയാണ് സിറ്റി ഇത്തവണയും എത്തുന്നത്.

എന്നാൽ, 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും നൽകുന്നുണ്ട്.കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കാനാണ് മൈൽഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നത്. 6 സ്പീഡ് മാനുവൽ/സിവിടി ട്രാൻസ്മിഷനിൽ ഈ എഞ്ചിൻ 117 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കുമേകും.

ഇത്തവണ സിറ്റിയിൽ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും സ്ഥാനം പിടിക്കുമെന്നാണ് റിപ്പോർട്ട്. ഈ എൻജിൻ 120 ബിഎച്ച്പി പവറും 173 എൻഎം ടോർക്കുമേകുമെന്നാണ് ലഭിക്കുന്ന വിവരം. സിവിടിയാണ് ട്രാൻസ്മിഷൻ. ഈ വാഹനത്തിന് കമ്പനി ഉറപ്പുനൽകുന്ന ഇന്ധനക്ഷമത 23.8 കിലോമീറ്ററാണ് .

 

https://www.youtube.com/watch?v=cWYbAxlcBxE