തെരേസാ മേയുടെ പിൻഗാമിയെ ജൂലൈ 23ന് പ്രഖ്യാപിക്കും

ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ അറിയാൻ ജൂലൈ 23 വരെ കാത്തിരിക്കണം. തെരേസാ മേയുടെ പിൻഗാമിയെ ജൂലൈ 23ന് പ്രഖ്യാപിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി വ്യക്തമാക്കി.

ബോറീസ് ജോൺസനും ജറമി ഹണ്ടുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാർട്ടി അംഗങ്ങളായ 160,000 വോട്ടർമാരാണ് പോസ്റ്റൽ ബാലറ്റിലൂടെ ഇവരിൽ ഒരാളെ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കേണ്ടത്. ജൂലൈ ആറിനും എട്ടിനും ഇടയ്ക്ക് ബാലറ്റുകൾ അയയ്ക്കും.

വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ ജൂലൈ 22നു വൈകുന്നേരം അഞ്ചിനകം തിരിച്ചുകിട്ടണം. ജൂലൈ 23 ചൊവ്വാഴ്ച വിജയിയെ പ്രഖ്യാപിക്കുമെന്നു പാർട്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. നേതാവിനെ തീരുമാനിച്ചു കഴിഞ്ഞാൽ തെരേസാ മേ ബക്കിങാം കൊട്ടാരത്തിലെത്തി ഔദ്യോഗികമായി പ്രധാനമന്ത്രിപദത്തിൽ നിന്നുള്ള രാജിക്കത്ത് രാജ്ഞിക്കു കൈമാറും.

കൂടുതൽ എംപിമാരുടെ പിന്തുണ നേടാനായ ജോൺസന് പാർട്ടി അംഗങ്ങളുടെയും പിന്തുണ സമാഹരിക്കാനാവുമെന്നാണു കരുതുന്നത്. ഈയിടെയുണ്ടായ വീട്ടുവഴക്കിനെത്തുടർന്നു ജോൺസൻറെ ഫ്‌ലാറ്റിൽ പോലീസ് എത്തിയതും സംവാദത്തിനുള്ള ജറമി ഹണ്ടിൻറെ വെല്ലുവിളി ജോൺസൺ നിരസിച്ചതും അദ്ദേഹത്തിൻറെ ജനപ്രീതിയിൽ നേരിയ മങ്ങലുണ്ടാക്കി. ജോൺസനും ഹണ്ടും പാർട്ടി അംഗങ്ങളെ കാണുന്നതിനായി പര്യടനം നടത്തിവരികയാണ്.

 

Britain
Comments (0)
Add Comment